പാലാ: ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ സ്വാധീനം കാണാമെന്നും നമ്മുടെ ഭാവി നിര്‍ണയിക്കുന്നത് സാങ്കേതിക വിദ്യയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജി നിയറിംഗ് ആൻഡ് ടെക്നോളജിയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം അനിവാര്യമാണ്. നമ്മുടെ വിദ്യാര്‍ഥികളെ നാട്ടില്‍തന്നെ അവസരങ്ങള്‍ നല്കി നിലനിര്‍ത്തുന്നതിനുള്ള മാറ്റങ്ങള്‍ കൊണ്ടുവരും. ഇതിനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. വിദേശ സര്‍വകലാശാലകള്‍ ഇവിടെ വരണം. സാങ്കേതിക രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനു നാം തയാറാവണം. ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാന്‍ പാലാ രൂപതയുടെ ഈ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിനു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
എന്‍ജിനിയറിംഗ് പഠനവും പ്രവേശനവും ചിലര്‍ക്കു മാത്രം ലഭ്യമായിരുന്ന കാലഘട്ടത്തിലാണ് സെന്റ് ജോസഫ്സ് കോളജ് സ്ഥാപിതമാകുന്നത്. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് മികവുറ്റ വിദ്യാഭ്യാസം നല്കാന് കോളജിനു സാധിച്ചു.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലാ രൂപത വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ ആ നിക്ഷേപം എത്രത്തോളം വലുതായിരുന്നുവെന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാകുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ കോളജ് രക്ഷാധികാരി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മൂല്യങ്ങളില്‍ അധിഷ്ഠിതമായ മികച്ച പ്രഫഷണല്‍ വിദ്യാഭ്യാസം നല്കുന്നതിലാണ് ഒരു എൻജിനിയറിംഗ് കോളജിന്റെ യഥാര്‍ഥ കരുത്ത് കുടികൊള്ളുന്നതെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
പാലാ രൂപത ബിഷപ് എമെരിറ്റസും സ്ഥാപക രക്ഷാധികാരിയുമായ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സെന്റ് ജോസഫ്സ് കോളജ് ചെയര്മാന് മോണ്‍. ഡോ. ജോസഫ് തടത്തില്‍ സ്വാഗതം പറഞ്ഞു.
രജതജൂബിലിയോടനുബന്ധിച്ചു തയാറാക്കിയ പ്രത്യേക ലോഗോയുടെ പ്രകാശനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. എംഎല്‍എമാരായ മാണി സി. കാപ്പന്, എം.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കോളജ് സ്ഥാപക വേളയില്‍ സാരഥികളായിരുന്ന മുന്‍കാല അധികാരികളെ ചടങ്ങില്‍ ആദരിച്ചു. കോളജ് പ്രിന്‍സിപ്പൽ ഡോ. വി.പി. ദേവസ്യ കൃതജ്ഞത പറഞ്ഞു.